Tuesday, March 18, 2008

മലയാളം ചീറ്റുന്ന ഗായികമാര്‍

പഴയതലമുറയിലെഗായിക എല്‍.ആര്‍.ഈശ്വരിയെ ഓര്‍മ്മയില്ലേ? ചില സവിശേഷകഥാസന്ദര്‍ഭങ്ങളില്‍, അവരുടെ തനതായ ശബ്ദവും,ശൈലിയും ചലച്ചിത്രങ്ങള്‍ക്ക്‌ ആവശ്യമായിരുന്നു. നല്ല ഉച്ചാരണശുദ്ധിയുള്ള അവരുടെ മലയാളഗാനങ്ങള്‍ ആകര്‍ഷകവുമായിരുന്നു. കേള്‍ക്കുമ്പോള്‍ ജ്യോതിലക്ഷ്മിയുടെ അര്‍ദ്ധനഗ്നനൃത്തരംഗങ്ങളാണ്‌ മനസില്‍ വരുക. (ജ്യോതിലക്ഷ്മിയെ അറിയില്ലേ? നല്ലചില മലയാളചിത്രങ്ങളില്‍ നായികയായിവന്നിട്ടുള്ള ഈ നടി, പിന്നീടെങ്ങനെയോ, ഹെലന്റെ തെന്നിന്ത്യന്‍ അവതാരമായി). എല്‍.ആര്‍.ഈശ്വരിയുടെപാട്ടോ, ജ്യോതിലക്ഷ്മിയുടെ ആട്ടമോ മോശമാണെന്ന അര്‍ത്ഥത്തിലല്ല ഇതെഴുതുന്നത്‌. വളരെമോശമായ ഗാനാലാപനംകൊണ്ട്‌ നമ്മളെ തളര്‍ത്തുന്ന ഇന്നത്തെ ചില മലയാളഗായികമാരെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, ഈശ്വരിയുടെ പാട്ടിന്റെ പ്രാധാന്യംവ്യക്തമാകുന്നുവെന്നുമാത്രം.
മിമിക്രിക്കാര്‍, കെ.പി.ഉമ്മറിനെ അനുകരിക്കുമ്പോള്‍, "ഹ്‌ശ്യാരദേ, ഹ്‌ ഞ്യാനൊരു, വ്‌ഹിഖാരജീവിയാണ്‌ ഹ്‌ശ്യാരദേ" എന്നുപറയുന്നതുകേട്ടിട്ടില്ലേ?, ഏതാണ്ടിതുപോലെയാണ്‌പല ഗായികമാരും മലയാളം പാടുന്നത്‌. ഓരോവരിയുംതുടങ്ങുമ്പോള്‍, പൂച്ച ചീറ്റുന്നതുപോലെ "വ്ഹിഖാരം(വികാരം)" സന്നിവേശിപ്പിക്കുന്നു. ഏതുകഥാസന്ദര്‍ഭമാണെങ്കിലും, ഇവരിങ്ങനയേ പാടൂ, അല്ലെങ്കില്‍ ഇങ്ങനെപാടാനേ ഇവര്‍ക്കറിയൂ. "ഹ്ഖേശാദിപാദം ഥൊഴുന്നേന്‍, ഹ്‌ഖേശവാ" എന്ന് ഒരുമടിയുംകൂടാതെ കാബറേമട്ടില്‍ പാടിക്കളയുമിവര്‍. "ഹുണരുണരൂ, ഹുണ്ണിപ്പൂവേ" എന്നോ, "ഹ്‌യേഴു ഹ്‌സ്സുന്ദര ഹ്‌രാത്രികള്‍" എന്നോ പാടിക്കേട്ടാല്‍ അത്ഭുതപ്പെടേണ്ട. കെട്ടിയൊരുങ്ങിനിന്ന് കലാശമാടുന്ന പുതിയമലയാളഗായികമാരിലാരോ ചീറ്റുകയാണെന്ന് മാത്രം മനസിലാക്കുക. ആരുടെയും പേരെടുത്ത്‌പറയേണ്ട ആവശ്യമില്ലല്ലോ. തികഞ്ഞ ഔചിത്യത്തോടെ മനോഹരമായി പാടുന്ന ഗായത്രിയെ ഇവിടെ മാറ്റിനിര്‍ത്തണം. കുറച്ചുനാള്‍മുമ്പ്‌, ഇന്ത്യാവിഷനില്‍ ഗായത്രി ഗസലുകള്‍ പാടുന്നത്‌ കാണിച്ചിരുന്നു. കൂട്ടത്തില്‍ എക്കാലത്തേയും മനോഹരഗാനങ്ങളിലൊന്നായ "താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയിലുരുണ്ടും" ഒരുഗസല്‍മട്ടില്‍ (ഹിന്ദുസ്ഥാനി ചിട്ടയിലുള്ള ആഗാനം, ഗസലുതന്നെയല്ലേ?) ഗായത്രിപാടുന്നതുകേട്ടപ്പോള്‍ കണ്ണടച്ചിരുന്നുപോയി. ആഗാനം ആവശ്യപ്പെടുന്നചില ഊന്നലുകള്‍ ആ കുട്ടി, സ്വയംചേര്‍ത്തിട്ടുമുണ്ട്‌. 'നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ' എന്നു പാടിയപ്പോള്‍ ആ വാതിലിന്റെ 'വ' ഒന്നുനിര്‍ത്തി, ഒരല്‍പം നീട്ടി വിശദീകരിച്ചത്‌ ഒന്നാന്തരമായിരുന്നു. ഗായത്രിയെ മറ്റുള്ളവരെപ്പോലെ കാണാന്‍ പാടില്ലെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ഫാസ്റ്റ്‌ ലൈഫിന്‌ ചേര്‍ന്ന ശബ്ദങ്ങള്‍, സിനിമകളില്‍ സ്വാഭാവികമായിവരുമെന്നും, അതിഷ്ടപ്പെടുന്നവരാണധികവുമെന്നും വാദത്തിനുവേണ്ടി സമ്മതിക്കാം. എന്നാലും സുഹൃത്തേ, സന്ദര്‍ഭത്തിനുചേരുന്നുണ്ടോയെന്ന്‌നോക്കാനുള്ള ഔചിത്യം വേണ്ടേ? ആവശ്യമുള്ളപ്പ്പ്പോള്‍ എല്‍.ആര്‍.ഈശ്വരിയെക്കൊണ്ട്‌ പാടിച്ചിരുന്ന നമ്മുടെ പഴയ സംഗീതസംവിധായകരും, ചലച്ചിത്രസംവിധായകരും എത്ര മികച്ചവരായിരുന്നുവെന്ന് നാം അത്ഭുതപ്പെട്ടുപോകും. പുതിയ സവിധായകര്‍ (സംഗീത/സിനിമാ) ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ? കഴിഞ്ഞയിടയ്ക്ക്‌, പി.ടി.കുഞ്ഞുമുഹമ്മദിന്റെ, പരദേശി എന്ന ചിത്രത്തിലെ ഒരുഗാനരംഗം ഏഷ്യാനെറ്റില്‍ കണ്ടു. ലക്ഷ്മിഗോപാലസ്വാമി അവതരിപ്പിച്ച ഒരുമുസ്ലീം യുവതി, വാതില്‍മറഞ്ഞുനിന്നുകൊണ്ട്‌ പാടുന്നു.(പണ്ടുകാലത്തെ മലയാളമുസ്ലീംസ്ത്രീകളുടെ മാന്യവും, ഭംഗിയുള്ളതുമായ വേഷം- തട്ടവും, കാച്ചിയും- ആ രംഗത്തില്‍കണ്ടപ്പോള്‍ സന്തോഷം തോന്നി) എന്നാല്‍ പാട്ടോ? ഏതോഗായിക ഒരുനാണവുമില്ലാതെ "ഹ്ഛീറ്റുന്നു". സംഗീതസംവിധായകന്‍ ഔചിത്യം കാട്ടിയില്ലെങ്കിലും, കാര്യവിവരമുള്ള സംവിധായകനായ കുഞ്ഞുമുഹമ്മദ്‌, ഈ പീരിയഡ്‌ ചിത്രത്തില്‍ 'ശബ്ദാധുനികത' ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നാണ്‌ എനിക്ക്‌തോന്നുന്നത്‌. ആരോപറഞ്ഞു, പരദേശിയില്‍ സുജാതയും പാടിയിട്ടുണ്ടെന്ന്. ഈ പാട്ട്‌ സുജാതപാടിയതായിരിക്കില്ലെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അതോ സുജാതയേയും ഫാസ്റ്റ്‌കാലത്തിന്റെ പൂച്ചപിടികൂടിയോ? എങ്കില്‍, "കണ്ണെഴുതിപ്പൊട്ടുതൊട്ട്‌ കല്ലുമാലചാര്‍ത്തിയപ്പോള്‍, കണ്ണാന്തളിപ്പൂവിനെന്തേ നാണം" എന്ന സുജാതയുടെ ഓമനത്തമുള്ള പാട്ട്‌, ഇപ്പോള്‍ "ഹ്ഖണ്ണെഴുതി" എന്നായിരിക്കുമോ പാടുന്നത്‌?
ഹൃദയംകൊണ്ട്‌പാടുന്ന മഹാഗായികയായ ചിത്രയേക്കാള്‍, തൊണ്ടകൊണ്ട്‌ കൊഞ്ഞനംകുത്തുന്ന പുതിയപാട്ടുകാരെയാണിപ്പോള്‍ വേണ്ടത്‌!! എന്തൊരുകാലമാണിത്‌ സുഹൃത്തേ?

Thursday, March 06, 2008

ശ്രീകുമാര്‍ തിയേറ്റര്‍

തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററിലും,ശ്രീകുമാറിനോട്ചേര്‍ന്നുള്ള ശ്രീവിശാഖിലും സിനിമകള്‍കണ്ടുവളര്‍ന്ന ചങ്ങാതിമാരേ,എത്ര സുന്ദരമായിരുന്നു നമ്മുടെ ആ കൗമാരം!!എഴുപതുകളുടെ അവസാനത്തിലെ ആ കാലഘട്ടത്തിലേക്ക്‌ ഒന്നു തിരിച്ചുപോയിനോക്കാം.. തലസ്ഥാനനഗരത്തിലെ പലകോളേജുകളില്‍നിന്ന്‌നമ്മള്‍ സ്ഥിരമായി,ശ്രീകുമാറിലും,ശ്രീവിശാഖിലുമെത്താറുണ്ടായിരുന്നു. ആര്‍ട്‌സ്‌ കോളേജിലും യൂണിവേഴ്സിറ്റിക്കോളേജിലും പഠിച്ചിരുന്നവര്‍ക്ക്‌ നടന്ന്‌വേണമെങ്കിലും സമയത്തിനുതന്നെ മാറ്റിനിക്കെത്താമായിരുന്നു. മാര്‍ ഇവാനിയോസില്‍ നിന്നും ഞങ്ങള്‍ക്ക്‌ വളരെനേരത്തേചാടിയാലേമതിയാകൂ. പിന്നെ സിറ്റിബസിലോ,'റെഡ്‌'ബസിലോ ഓടിക്കയറണം. ഉച്ചയ്ക്ക്‌ സിറ്റിബസുകളുടെ സര്‍വ്വീസ്‌ കുറവായിരുന്നുവെന്നാണ്‌ തോന്നുന്നത്‌.
എഴുപതുകളുടെ അവസാനവര്‍ഷങ്ങളില്‍ നല്ല ഇംഗ്ലീഷ്‌ സിനിമകള്‍ ശ്രീകുമാറിലും,വിശാഖിലും വരുമായിരുന്നു.ഞങ്ങളുടെകൗമാരഭാവനകള്‍ക്ക്‌നിറം പകര്‍ന്ന്‌, സിനിമാസ്വാദനത്തിന്റെ ആദ്യപാഠങ്ങള്‍ തുറന്നുതന്ന ചിത്രങ്ങള്‍. പേള്‍ഹാര്‍ബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള Tora Tora Tora. മയക്കുമരുന്നുകള്ളക്കടത്തും, ആംസ്റ്റര്‍ഡാം ദൃശ്യങ്ങളുമുള്ള Puppet on a chain . രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ ആവേശകരമായ സിനിമാദ്ധ്യായമായ Force 10 from Navarone .ഈചിത്രത്തിന്റെമുന്‍ ഗാമിയായി അറുപതുകളില്‍ പുറത്തുവന്ന Guns of Navarone ഞാന്‍ കണ്ടിട്ടില്ല. അമ്പതുകളിലെ, അതിപ്രശസ്തമായ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ക്ലാസിക്കായ Roman Holiday ഞാനാദ്യംകാണുന്നത്‌ ഈകാലത്താണ്‌.Audrey Hepburn ല്‍ അനുരക്തനായിനടന്ന ദിവസങ്ങള്‍, ഇന്നും ഓര്‍മ്മയില്‍മധുരിക്കുന്നു.(കുലീനസൗന്ദര്യമായി, വിധുബാലയും, എന്റെ അനുരാഗസ്വപ്നങ്ങളില്‍ പൂത്തുലഞ്ഞ്‌ നിന്നിരുന്നതോര്‍ക്കുമ്പോള്‍,എന്നോനഷ്ടമായ ആ പഴയ ഉള്‍ക്കുളിര്‌ ഇന്നും അനുഭവിക്കാനാകും).
പഴയചിത്രങ്ങളായ ബെന്‍ഹര്‍, റ്റെന്‍ കമാന്റ്‌മെന്റ്‌സ്‌ എന്നിവ ശ്രീകുമാറിലെ വലിയസ്ക്രീനില്‍ എത്രതവണ കണ്ടു!!!. പാപ്പിയോണ്‍ കണ്ട്‌, സ്റ്റീവ്‌മക്യൂനിന്റെ ആരാധകരായി ഞങ്ങള്‍. നൈറ്റ്‌ ഓഫ്‌ ദ്‌ ജനറല്‍സ്‌, എന്നത്തേയും നല്ലചിത്രങ്ങളിലൊന്നാണ്‌. വാന്‌ഗോഗിന്റെ ആത്മഛായയുടെ മുന്നില്‍, സമനിലതെറ്റുന്ന വിഭ്രാന്തനായ ജര്‍മന്‍ ജനറല്‍ ഇന്നും വിഹ്വലമായൊരോര്‍മ്മയാണ്‌.
ചൂടുള്ളഭാഗങ്ങള്‍ വീണ്ടും വീണ്ടും വായിച്ച്‌, പേജ്‌നംബര്‍വരെ കാണാപ്പാഠമായ മരിയോപ്യൂസോയുടെ ഗോഡ്‌ഫാദര്‍ സിനിമയായിവന്നപ്പോള്‍, ആവേശത്തോടെകാണാന്‍പോയതും, ദൃശ്യങ്ങള്‍ക്ക്‌ അക്ഷരങ്ങളുടെശക്തിയില്ല എന്നു തിരിച്ചറിഞ്ഞതും ഓര്‍ക്കുന്നു. കൂട്ടത്തില്‍, മര്‍ലന്‍ ബ്രാന്റോ എന്ന മഹാനടന്റെ ദൃശ്യസാന്നിദ്ധ്യത്തിനുമുന്നില്‍ പകച്ചുനിന്നതും. എക്സോര്‍സിസ്റ്റ്‌, ഒമ്ന്‍, റ്റവറിംഗ്‌ ഇന്‍ഫെര്‍ണോ, പോസിഡോണ്‍ അഡ്വഞ്ചര്‍ എന്നീ സാധാരണചിത്രങ്ങള്‍.
ബഡ്‌സ്പെന്‍സറും, റ്റെറന്‍സ്‌ ഹില്ലും ചേര്‍ന്നുള്ള, ചിരിയുടെമാലപ്പടക്കംകൊളുത്തിയചിത്രങ്ങള്‍ (കഷ്ടം! ഒന്നിന്റേയും പേരോര്‍മ്മയില്ല). പീറ്റര്‍സെല്ലേഴ്സ്‌ എന്ന അതുല്യ നടന്റെ പിങ്ക്‌ പാന്തര്‍ സീരിസിലുള്ള ചിരിച്ചിത്രങ്ങള്‍.... സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ, ക്ലോസ്‌ എന്‍ കൗണ്ടേര്‍സ്‌ ഒഫ്‌ ദ്‌ തേഡ്‌ കൈന്റ്‌, നവീനമായൊരു ദൃശ്യവിസ്മയമായിരുന്നു. സിനിമകളെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിരുന്നതുകൊണ്ട്‌, ഫ്രാങ്ക്സ്വാ ത്രൂഫോ എന്ന ഉന്നതനായ സംവിധായകന്‍ അഭിനയിച്ച ചിത്രമെന്ന നിലയിലും, ക്ലോസ്‌ എന്‍ കൗണ്ടേര്‍സ്‌ ആകര്‍ഷിച്ചിരുന്നു. ഇങ്ങനെ എത്രയെത്ര ചിത്രങ്ങള്‍!!! ഇവിടെ ഓര്‍മ്മിച്ചെടുത്തവയൊന്നും, കാലക്രമമനുസരിച്ചല്ല.. പക്ഷേ, ഒരു കാലഘട്ടത്തിന്റെ സ്‌മൃതിബിംബങ്ങള്‍ എന്നനിലക്കാണ്‌.
ശ്രീകുമാറിലും,വിശാഖിലും സിനിമതുടങ്ങുന്നതിനുമുന്‍പുള്ള സ്ലൈഡ്ഷോയില്‍,വേലേന്തിയ മുരുകന്‍ ഓം എന്ന്‌തമിഴിലെഴുതിയ ബാക്ഗ്രൗണ്ടില്‍നില്‍ക്കുന്ന ചിത്രം തെളിഞ്ഞപ്പോള്‍. ക്ലാസ്‌കട്ടുചെയ്ത്‌ സിനിമക്ക്‌കേറിയ ആധിയില്‍; "ഭഗവാനേ,വീട്ടിലറിയല്ലേ" എന്ന് ഉറക്കെപ്രാര്‍ത്ഥിച്ചത്‌ ഇന്നും രസകരമായ ഓര്‍മ്മയാണ്‌.ഉച്ചഭക്ഷണംസിനിമയാക്കിമാറ്റിയ ത്യാഗത്തിന്റെ ദിനങ്ങള്‍. ഇന്റര്‍വെല്ലില്‍, ഒരുസിഗററ്റ്‌ വാങ്ങി,നാലുപേര്‍പുകച്ച്‌, സിനിമതീരുമ്പോള്‍, ശാന്തമായ നഗരസായന്തനത്തിലേക്കിറങ്ങി, ആഹ്ലാദകരമായമറ്റൊരുദിവസത്തിന്‌ യാത്രചൊല്ലിപ്പിരിഞ്ഞിരുന്ന സരളമാനസങ്ങള്‍.
പിന്നീടെപ്പൊഴോ, ഒരിക്കലും പിടികിട്ടിയിട്ടില്ലാത്ത വാണിജ്യയുക്തികാരണം നല്ല ഇംഗ്ലീഷ്‌ചിത്രങ്ങള്‍ വരാതായി. പകരം, കണ്ടാല്‍ ഓക്കാനംവരുന്ന, പതിനാറാംകിട 'സെക്സ്‌' ചിത്രങ്ങളുടെ വേലിയേറ്റമായി. അത്തരം ചിത്രങ്ങളില്‍ സ്പെഷ്‌ലൈസ്‌ ചെയ്ത ഗുണ്ടാതിയേറ്ററുകള്‍ കാശുവാരി(?). റ്റി.വി യും, മറ്റും, ക്ലാസ്‌കട്ട്ചെയ്യാതെതന്നെ, വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പലതും കാണാനുള്ള അവസരമൊരുക്കി.(ചലച്ചിത്രോത്സവങ്ങള്‍ തിരുവനന്തപുരത്തിന്റെ അഭിമാനമായതിന്‌പ്രധാനകാരണം, നല്ലകുറേചിത്രങ്ങള്‍ ബുദ്ധിമുട്ടില്ലാതെകാണാനവസരം നല്‍കിയ ഈ തിയേറ്ററുകളാണെന്നാണ്‌, എന്റെ പേഴ്സണല്‍ ഹൈപ്പോത്തെസിസ്‌)എന്നാല്‍ ഈ റ്റി.വി, ഐ.റ്റി, തലമുറ, ഞങ്ങളന്നനുഭവിച്ചിരുന്ന ഹൃദയലാളിത്യവും, അതിരില്ലാത്ത ആഹ്ലാദവുമറിയുന്നുണ്ടോ? ഓരോകാലത്തും ഓരോ വഴികളെന്ന് മനസിലാക്കിക്കൊണ്ട്‌തന്നെയാണ്‌ ഇങ്ങനെ സംശയിക്കുന്നത്‌.
ശ്രീകുമാറിലും, ശ്രീവിശാഖിലും സിനിമകണ്ട്‌വളര്‍ന്നവരും, മറ്റ്‌നഗരങ്ങളില്‍(എറണാകുളത്തിനാണ്‌ സാദ്ധ്യത)ഇതേ അനുഭവങ്ങളിലൂടെകടന്നുപോന്നവരുമായ സമാനമനസ്കര്‍ക്ക്‌വേണ്ടിയാണീ ഓര്‍മ്മക്കുറിപ്പ്‌.