പഴയതലമുറയിലെഗായിക എല്‍.ആര്‍.ഈശ്വരിയെ ഓര്‍മ്മയില്ലേ? ചില സവിശേഷകഥാസന്ദര്‍ഭങ്ങളില്‍, അവരുടെ തനതായ ശബ്ദവും,ശൈലിയും ചലച്ചിത്രങ്ങള്‍ക്ക് ആവശ്യമായിരുന്നു. നല്ല ഉച്ചാരണശുദ്ധിയുള്ള അവരുടെ മലയാളഗാനങ്ങള്‍ ആകര്‍ഷകവുമായിരുന്നു. കേള്‍ക്കുമ്പോള്‍ ജ്യോതിലക്ഷ്മിയുടെ അര്‍ദ്ധനഗ്നനൃത്തരംഗങ്ങളാണ് മനസില്‍ വരുക. (ജ്യോതിലക്ഷ്മിയെ അറിയില്ലേ? നല്ലചില മലയാളചിത്രങ്ങളില്‍ നായികയായിവന്നിട്ടുള്ള ഈ നടി, പിന്നീടെങ്ങനെയോ, ഹെലന്റെ തെന്നിന്ത്യന്‍ അവതാരമായി). എല്‍.ആര്‍.ഈശ്വരിയുടെപാട്ടോ, ജ്യോതിലക്ഷ്മിയുടെ ആട്ടമോ മോശമാണെന്ന അര്‍ത്ഥത്തിലല്ല ഇതെഴുതുന്നത്. വളരെമോശമായ ഗാനാലാപനംകൊണ്ട് നമ്മളെ തളര്‍ത്തുന്ന ഇന്നത്തെ ചില മലയാളഗായികമാരെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഈശ്വരിയുടെ പാട്ടിന്റെ പ്രാധാന്യംവ്യക്തമാകുന്നുവെന്നുമാത്രം.
മിമിക്രിക്കാര്‍, കെ.പി.ഉമ്മറിനെ അനുകരിക്കുമ്പോള്‍, "ഹ്‌ശ്യാരദേ, ഹ് ഞ്യാനൊരു, വ്‌ഹിഖാരജീവിയാണ് ഹ്‌ശ്യാരദേ" എന്നുപറയുന്നതുകേട്ടിട്ടില്ലേ?, ഏതാണ്ടിതുപോലെയാണ്‌പല ഗായികമാരും മലയാളം പാടുന്നത്. ഓരോവരിയുംതുടങ്ങുമ്പോള്‍, പൂച്ച ചീറ്റുന്നതുപോലെ "വ്ഹിഖാരം(വികാരം)" സന്നിവേശിപ്പിക്കുന്നു. ഏതുകഥാസന്ദര്‍ഭമാണെങ്കിലും, ഇവരിങ്ങനയേ പാടൂ, അല്ലെങ്കില്‍ ഇങ്ങനെപാടാനേ ഇവര്‍ക്കറിയൂ. "ഹ്ഖേശാദിപാദം ഥൊഴുന്നേന്‍, ഹ്‌ഖേശവാ" എന്ന് ഒരുമടിയുംകൂടാതെ കാബറേമട്ടില്‍ പാടിക്കളയുമിവര്‍. "ഹുണരുണരൂ, ഹുണ്ണിപ്പൂവേ" എന്നോ, "ഹ്‌യേഴു ഹ്‌സ്സുന്ദര ഹ്‌രാത്രികള്‍" എന്നോ പാടിക്കേട്ടാല്‍ അത്ഭുതപ്പെടേണ്ട. കെട്ടിയൊരുങ്ങിനിന്ന് കലാശമാടുന്ന പുതിയമലയാളഗായികമാരിലാരോ ചീറ്റുകയാണെന്ന് മാത്രം മനസിലാക്കുക. ആരുടെയും പേരെടുത്ത്‌പറയേണ്ട ആവശ്യമില്ലല്ലോ. തികഞ്ഞ ഔചിത്യത്തോടെ മനോഹരമായി പാടുന്ന ഗായത്രിയെ ഇവിടെ മാറ്റിനിര്‍ത്തണം. കുറച്ചുനാള്‍മുമ്പ്, ഇന്ത്യാവിഷനില്‍ ഗായത്രി ഗസലുകള്‍ പാടുന്നത് കാണിച്ചിരുന്നു. കൂട്ടത്തില്‍ എക്കാലത്തേയും മനോഹരഗാനങ്ങളിലൊന്നായ "താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയിലുരുണ്ടും" ഒരുഗസല്‍മട്ടില്‍ (ഹിന്ദുസ്ഥാനി ചിട്ടയിലുള്ള ആഗാനം, ഗസലുതന്നെയല്ലേ?) ഗായത്രിപാടുന്നതുകേട്ടപ്പോള്‍ കണ്ണടച്ചിരുന്നുപോയി. ആഗാനം ആവശ്യപ്പെടുന്നചില ഊന്നലുകള്‍ ആ കുട്ടി, സ്വയംചേര്‍ത്തിട്ടുമുണ്ട്. 'നാണിച്ചുനാണിച്ചു വാതിലടച്ചില്ലേ' എന്നു പാടിയപ്പോള്‍ ആ വാതിലിന്റെ 'വ' ഒന്നുനിര്‍ത്തി, ഒരല്‍പം നീട്ടി വിശദീകരിച്ചത് ഒന്നാന്തരമായിരുന്നു. ഗായത്രിയെ മറ്റുള്ളവരെപ്പോലെ കാണാന്‍ പാടില്ലെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ഫാസ്റ്റ് ലൈഫിന് ചേര്‍ന്ന ശബ്ദങ്ങള്‍, സിനിമകളില്‍ സ്വാഭാവികമായിവരുമെന്നും, അതിഷ്ടപ്പെടുന്നവരാണധികവുമെന്നും വാദത്തിനുവേണ്ടി സമ്മതിക്കാം. എന്നാലും സുഹൃത്തേ, സന്ദര്‍ഭത്തിനുചേരുന്നുണ്ടോയെന്ന്‌നോക്കാനുള്ള ഔചിത്യം വേണ്ടേ? ആവശ്യമുള്ളപ്പ്പ്പോള്‍ എല്‍.ആര്‍.ഈശ്വരിയെക്കൊണ്ട് പാടിച്ചിരുന്ന നമ്മുടെ പഴയ സംഗീതസംവിധായകരും, ചലച്ചിത്രസംവിധായകരും എത്ര മികച്ചവരായിരുന്നുവെന്ന് നാം അത്ഭുതപ്പെട്ടുപോകും. പുതിയ സവിധായകര്‍ (സംഗീത/സിനിമാ) ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ? കഴിഞ്ഞയിടയ്ക്ക്, പി.ടി.കുഞ്ഞുമുഹമ്മദിന്റെ, പരദേശി എന്ന ചിത്രത്തിലെ ഒരുഗാനരംഗം ഏഷ്യാനെറ്റില്‍ കണ്ടു. ലക്ഷ്മിഗോപാലസ്വാമി അവതരിപ്പിച്ച ഒരുമുസ്ലീം യുവതി, വാതില്‍മറഞ്ഞുനിന്നുകൊണ്ട് പാടുന്നു.(പണ്ടുകാലത്തെ മലയാളമുസ്ലീംസ്ത്രീകളുടെ മാന്യവും, ഭംഗിയുള്ളതുമായ വേഷം- തട്ടവും, കാച്ചിയും- ആ രംഗത്തില്‍കണ്ടപ്പോള്‍ സന്തോഷം തോന്നി) എന്നാല്‍ പാട്ടോ? ഏതോഗായിക ഒരുനാണവുമില്ലാതെ "ഹ്ഛീറ്റുന്നു". സംഗീതസംവിധായകന്‍ ഔചിത്യം കാട്ടിയില്ലെങ്കിലും, കാര്യവിവരമുള്ള സംവിധായകനായ കുഞ്ഞുമുഹമ്മദ്, ഈ പീരിയഡ് ചിത്രത്തില്‍ 'ശബ്ദാധുനികത' ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നാണ് എനിക്ക്‌തോന്നുന്നത്. ആരോപറഞ്ഞു, പരദേശിയില്‍ സുജാതയും പാടിയിട്ടുണ്ടെന്ന്. ഈ പാട്ട് സുജാതപാടിയതായിരിക്കില്ലെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അതോ സുജാതയേയും ഫാസ്റ്റ്‌കാലത്തിന്റെ പൂച്ചപിടികൂടിയോ? എങ്കില്‍, "കണ്ണെഴുതിപ്പൊട്ടുതൊട്ട് കല്ലുമാലചാര്‍ത്തിയപ്പോള്‍, കണ്ണാന്തളിപ്പൂവിനെന്തേ നാണം" എന്ന സുജാതയുടെ ഓമനത്തമുള്ള പാട്ട്, ഇപ്പോള്‍ "ഹ്ഖണ്ണെഴുതി" എന്നായിരിക്കുമോ പാടുന്നത്?
ഹൃദയംകൊണ്ട്‌പാടുന്ന മഹാഗായികയായ ചിത്രയേക്കാള്‍, തൊണ്ടകൊണ്ട് കൊഞ്ഞനംകുത്തുന്ന പുതിയപാട്ടുകാരെയാണിപ്പോള്‍ വേണ്ടത്!! എന്തൊരുകാലമാണിത് സുഹൃത്തേ?
Tuesday, March 18, 2008
Subscribe to:
Post Comments (Atom)
3 comments:
കലക്കി! ഈ സ്റ്റാറുകളെ വെറുതെ വിടരുത്.
great
സൂജാത തന്നെയാണിപ്പറഞ്ഞ പാട്ട് പാടിയതു.ആവശ്യമില്ലാത്തയിടങ്ങളിലൊക്കെ
ഒരു ‘കൊഞ്ചല്‍’അംശം കൂടുതലിടാനുള്ള
പ്രവണതയുണ്ട് ഈ അനുഗ്രഹീത ഗായികയ്ക്ക്.
അതല്ലാതെ,ഈപാട്ടിന്‍ മറ്റൊരുദോഷവും
എനിയ്ക്ക് തോന്നിയില്ല എന്നുകൂടിപ്പറയട്ടെ
Post a Comment