Wednesday, February 27, 2008

തിരുവനന്തപുരംഭാഷ തമാശയല്ല..

ഇന്നിപ്പോള്‍ ചലച്ചിത്രങ്ങളിലും,അരോചകമായചില'ഹാസ്യ'സീരിയലുകളിലും(ഈ ഹാസ്യം കണ്ടാല്‍ കുടലുപുറത്തുവരുന്നതുവരെഛര്‍ദ്ദിച്ചുപോകും)തിരുവനന്തപുരംഭാഷ അവതരിപ്പിക്കപ്പെടുന്നത്‌,വളരെവികൃതമായ,പരിഹാസമായിട്ടാണ്‌. സുരാജ്‌വെഞ്ഞാറമൂട്‌ എന്നനടന്‍ തന്റെസ്വന്തം ഡയലക്റ്റുപയോഗിച്ച്‌ പ്രശസ്തമാക്കിയതാണീവൈകൃതമെന്നുകരുതിയാല്‍ അതുതികച്ചുംശരിയല്ല.ജഗതിശ്രീകുമാര്‍ പലചിത്രങ്ങളിലുംവളരെനന്നായി ഈപ്രാദേശികവ്യതിയാനമവതരിപ്പിച്ചിട്ടുണ്ട്‌. മോഹന്‍ലാല്‍പോലും,പലപ്പോഴുംതന്റെഹാസ്യറോളുകള്‍കൊഴുപ്പിച്ചത്‌,തിരുവനന്തപുരംഭാഷയുപയോഗിച്ചാണ്‌. മോഹന്‍ലാല്‍ സിനിമകളില്‍ എപ്പോഴൊക്കെതന്റെസ്വാഭാവികരീതിയില്‍ഡയലോഗ്‌ പറഞ്ഞിട്ടുണ്ടോ, അപ്പോഴൊക്കെ തിരുവനന്തപുരംതാളം നമുക്ക്‌ കേള്‍ക്കാനാകും,'സീരിയസ്‌'രംഗങ്ങളിലും.എന്താ ഈപ്രാദേശികഭാഷയില്‍ മനുഷ്യര്‍ക്ക്‌സ്വന്തംവികാരങ്ങള്‍പ്രകടിപ്പിക്കനാവില്ലേ?, ഞങ്ങള്‍തിരുവനന്തപുരത്തുകാരെല്ലാംകോമാളികളാണോ? പഴയ മലബാറിലെ വള്ളുവനാട്‌തലൂക്ക്‌, കൊച്ചിയിലെ തലപ്പള്ളി താലൂക്ക്‌ എന്നീപ്രദേശങ്ങളിലെദേശഭാഷയാണിപ്പോള്‍, വള്ളുവനാടന്‍ഭാഷയായറിയപ്പെടുന്നത്‌. ഈ ഭാഷ്യ്ക്കെങ്ങനെ തിരുവനന്തപുരംഭാഷയെക്കാള്‍ മാന്യതകിട്ടി?, ഉറൂബിന്റേയും,എം.ടി.യുടേയുംകഥാപാത്രങ്ങളുടെസംസാരഭാഷയായതിനാലാണോ?സാഹിത്യത്തില്‍, ഈ വള്ളുവനാടന്‍ഭാഷവരുന്നതിനുവളരെമുമ്പുതന്നെ, സാക്ഷാല്‍ സി.വി.രാമന്‍പിള്ളയുടെചിലകഥാപാത്രങ്ങള്‍,തനിതെക്കനായ (തിരുവനന്തപുരത്തിനും,തെക്കുള്ള)പ്രാദേശികഭാഷയില്‍,കോപവും,സങ്കടവുമെല്ലാം പ്രകടിപ്പിക്കുന്നുണ്ട്‌. ഈപഴയദ്രാവിഡമൊഴിയുടെ ഇമ്പമാണ്‌ ഇന്നുംതിരുവനന്തപുരത്തുകാരുടെ(ഒറിജിനല്‍ തിരുവനന്തപുരത്തുകാരുടെ)ഭാഷയുടെ ആദിശ്രുതി. മലയാളസാഹിത്യത്തില്‍,മറ്റ്പ്രദേശികഭാഷകള്‍ക്ക്‌പ്രശസ്തിയുണ്ടായസമയത്തുതന്നെ,തികച്ചുംഗ്രാമ്യമായതിരുവനന്തപുരം നാട്ടുഭാഷയില്‍,വെറുംസാധാരണക്കാരുടെജീവിതസംഘര്‍ഷങ്ങള്‍പകര്‍ത്തിയ,ജി.വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ'യും ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. എങ്ങനെയാണീനാട്ടുമൊഴി ഹാസ്യനിദാനമായതെന്ന്‌ചിന്തിച്ചിട്ടൊരെത്തും പിടിയുംകിട്ടുന്നില്ല.ചിലവാക്കുകളുടെപ്രാദേശികമായ അര്‍ത്‌ഥവ്യത്യാസങ്ങള്‍ ദുരുപയോഗംചെയ്ത്‌,ഹാസ്യം സൃഷ്ടിക്കാമെന്നുകരുതുന്നത്‌ തികച്ചുംജുഗുപ്സാവഹമായമനോനിലയാണ്‌. കുഞ്ഞ്‌,കുട്ടി എന്നീ അര്‍ത്‌ഥ്ത്തിലാണ്‌,ഇങ്ങുതെക്ക്‌ ഞങ്ങള്‍ 'അപ്പി' എന്നപദമുപയോഗിക്കുന്നത്‌.മറ്റിടങ്ങളില്‍,ഈവാക്കിന്‌ അമേദ്ധ്യം എന്നാണര്‍ത്‌ഥമെങ്കില്‍ അതാരുടെതെറ്റാണ്‌? അല്ലെങ്കില്‍ ആരാണുശരി? ഇന്നും തിരുവനന്തപുരംജില്ലയുടെതെക്കന്‍പ്രദേശങ്ങളില്‍,അപ്പി,അപ്പിയാന്‍ എന്നൊക്കെപേരുകളുള്ളചിലരെങ്കിലും ബാക്കിയുണ്ട്‌. മലബാറില്‍ മരച്ചീനിക്കും(കപ്പ),വള്ളുവനാടന്‍ഭാഷയില്‍ ഇലവുമരത്തിനും(പഞ്ഞിമരം,silk cotton)'പൂള' എന്നാണ്‌പറയുന്നത്‌. എന്നാല്‍ തിരുവനന്തപുരത്തുകാര്‍ക്ക്‌ ഇതൊരുതെറിവാക്കാണ്‌. ഒരുനാട്ടുമൊഴിയും മറ്റൊന്നിനേക്കാള്‍കേമമല്ല എന്നുനാംതിരിച്ചറിയണം.എന്‍.കൃഷ്ണപിള്ളസാറിനോട്‌ ക്ഷമചോദിച്ചുകൊണ്ട്‌ പറയട്ടെ: പ്രതിദേശംഭാഷണഭേദം.
ഞങ്ങളുടെയീഭാഷയെകോമാളിവേഷംകെട്ടിച്ച്‌ അപമാനിക്കുന്നതിന്‌ ഇന്നത്തെ ചലച്ചിത്രങ്ങളെവേണം പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്‌. ഹാസ്യകഥാപാത്രം തിരുവനന്തപുരത്തുകാരനാണെങ്കില്‍ ചിരി ഇരട്ടിക്കുന്നു!!! ഇങ്ങനെയാണെങ്കില്‍,ഈനാട്ടുകാരെല്ലാം കോമാളികളാണെന്ന വിപരീതയുക്തിയുമാകാം. ഇന്നത്തെസിനിമകളില്‍ തിരുവനന്തപുരംഭാഷ ചിരിപ്പിക്കാനാണെങ്കില്‍, പണ്ട്‌,തികഞ്ഞഗൗരവമുള്ളകഥാപാത്രങ്ങള്‍ ഈനാട്ടുമൊഴിയില്‍ കഥപറഞ്ഞിരുന്നു. 'ഉമ്മിണിത്തങ്ക'യില്‍ അണ്ണനും,തങ്കച്ചിയും,തള്ളയുമെല്ലാം ഈ ഭാഷയാണ്‌പറഞ്ഞിരുന്നത്‌. 'കള്ളിച്ചെല്ലമ്മ' സിനിമയായപ്പോള്‍, ഈഭാഷ ഭംഗിയായികൈകാര്യംചെയ്തത്‌,തിരുവനന്തപുരത്തുകാരനായ മധുവും,തിരുവനന്തപുരവുമായിരക്തബന്ധമുള്ള 'അടൂര്‍'ഭാസിയുമാണ്‌. മറ്റൊരുതിരുവനന്തപുരത്തുകാരനായ പ്രേം നസീറിന്റെകഥാപാത്രം തിരുവല്ലക്കാരനായതിനാല്‍ സംഭാഷണം സുഖിക്കാതെ പോയി. ശ്രദ്ധിക്കുക, ഹാസ്യകഥാപാത്രത്തെയവതരിപ്പിച്ച അടൂര്‍ഭാസിയും,ഗൗരവമുള്ള വേഷത്തില്‍ വന്ന മധുവും പറയുന്നത്‌ ഒരേ തിരുവനന്തപുരം ഭാഷ!!!
കൂട്ടരേ,ഞങ്ങളുടെ ഭാഷ തമാശയല്ല, മറ്റേതൊരുനാട്ടുമൊഴിയെപ്പോലെയും,കണ്ണീരും,മധുരവും,കാമവും,കോപവും,ചിരിയും,ചിന്തയും പകരാനുള്ള ഞങ്ങളുടെവരമാണ്‌.

7 comments:

ഇസാദ്‌ said...

നന്നായി എഴുതിയിരിക്കുന്നു . ആശംസകള്‍.
കുറച്ച് സ്പേസും പാരഗ്രാഫും വെച്ചിരുന്നെങ്കി വായിക്കാന്‍ എളുപ്പമുണ്ടായേനേ ..

രാജ് said...

വലിയ നിരീക്ഷണപാടവമൊന്നും പ്രദര്‍ശിപ്പിക്കാത്ത ഒരു അഭിപ്രായം പറഞ്ഞോട്ടെ, തിരുവനന്തപുരം ഭാഷ സിനിമയില്‍ കൈകാര്യം ചെയ്ത കഥാപാത്രങ്ങള്‍ മിക്കവരും (സ്വാഭാവികമായി സംസാരിക്കുമ്പോള്‍ ആ ശൈലി കൈകാര്യം ചെയ്ത ലാല്‍ അടക്കം) അത് ഉപയോഗിച്ചിരിക്കുന്നത് മറ്റൊരു കഥാപാത്രത്തെ ‘ആക്കാനായിരുന്നു’. മമ്മൂട്ടിയുടെ രാ‍ജമാണിക്യത്തിലെ മുഴുനീള ടോണും ഈ ആക്കല്‍ ഭാവം ആയിരുന്നില്ലേ? അവസാനത്തിലെ ചില രംഗങ്ങള്‍ ഒഴികെ. ആക്കുക എന്ന വാക്കിന് തിരുവനന്തപുരത്ത് എന്താണ് അര്‍ഥമെന്ന് നിശ്ചയമില്ല, കൊച്ചാക്കുക, കളിയാക്കുക, എന്തെങ്കിലും ആക്കുക എന്നൊക്കെ കരുതിക്കോള്ളൂ.

ഹാസ്യം അഭിനയിച്ചു പ്രതിഫലിപ്പിക്കുമ്പോള്‍ ഈ ഭാവം, പുച്ഛത്തോട് ഏറെ ബന്ധപ്പെട്ടൂകിടക്കുന്ന ഒന്ന്, കാണികള്‍ ചിരി പടര്‍ത്തുന്നതാണ്. സിനിമയ്ക്ക് വെളിയില്‍ തിരുവന്തപുരം ഭാഷ ഉപയോഗിക്കുന്ന നോണ്‍-തിരുവനന്തപുരക്കാര്‍ പരിഹാസം, നിര്‍ദോഷകരമായ പുച്ഛം, മേല്പറഞ്ഞ ആക്കല്‍ എന്നിവയെ സിനിമയില്‍ നിന്ന് പകര്‍ത്തി എളുപ്പം പ്രകടിപ്പിക്കുകയാണെന്ന് തോന്നുന്നു. തിരുവനന്തപുരത്തുകാരെ അപമാനിച്ചു എന്നൊക്കെ കരുതുന്നതിനു പകരം സിനിമയിലെ ആ കഥാപാത്രങ്ങള്‍ വളരെ വിജയിച്ചു എന്ന് കരുതിയാല്‍ കാര്യങ്ങള്‍ ലളിതമായേക്കാം. അല്ലെങ്കില്‍ ദാരിദ്ര്യം പ്രതിഫലിപ്പിക്കുവാന്‍ വള്ളുവനാട്ടിലെ ഇല്യ എന്ന് പ്രയോഗിക്കുന്നതില്‍ വള്ളുവനാടന്‍ ഭൂവുടമകളേ നിങ്ങളും പ്ലീ‍സ് ഒന്ന് പ്രതിഷേധിക്കൂ.

Kumar Neelakandan © (Kumar NM) said...

പ്രിയ സുഹൃത്തെ,
വായിച്ചു. പലതിനോടും യോജിക്കുന്നു.

ഏകദേശം ആറുമാസം മുന്‍പ് ഇതേ വിഷയത്തില്‍ “കലിപ്പും പുലിയും കടിച്ചുകുടയുന്ന ഭാഷ” എന്നപേരില്‍ ഒരു പോസ്റ്റ് ഞാന്‍ എഴുതിയിരുന്നു. അത് ഇവിടെ വായിക്കാം.
ഈ വിഷയത്തില്‍ എന്റെ അഭിപ്രായവും അതു തന്നെയാണ്. വളരെ നല്ലൊരു ചര്‍ച്ച ഒട്ടനവധി കമന്റുകളായി അവിടെ ഉണ്ടായി. സമയം കിട്ടും പോലെ വായിക്കുക.

Suraj said...

പ്രിയ അശോക് ജീ,
രസകരമായ എന്നാല്‍ ഒട്ടേറെ അറിവുകള്‍ തരുന്ന ലേഖനം . നന്ദി.

തിരുവന്തോരം ഭാഷയെ മാത്രമല്ല കോഴിക്കോടന്‍ മാപ്പിളഭാഷയേയും (കുതിരവട്ടം പപ്പു,മാമുക്കോയ) സിനിമയില്‍ ധാരാളമായി കളിയാക്കിയിട്ടുണ്ട്. മുക്കുവരുടേതെന്ന മട്ടില്‍ പ്രചരിച്ചിട്ടുള്ള “ഞങ്ങ പോവ്വേണ്” സ്റ്റൈയിലിലുള്ള എര്‍ണാകുളം/ചാവക്കാട് ഡയലക്ടുകളും പരിഹാ‍സദ്യോതകമായി ധാരാളം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. പിന്നെ തിരുവിതാംകൂറുകാര്‍ക്ക് കേട്ടാല്‍ ചിരിവരുന്ന ഭാഷയാണ് കാസര്‍ഗോടും കണ്ണൂരുമൊക്കെയുള്ളത്. (എറിയുക എന്നതിനു ‘ചാടുക’, ചാടുക എന്നതിനു ‘തുള്ളുക’ എന്നിങ്ങനെയാണ് കണ്ണൂര്‍ പ്രയോഗങ്ങള്‍)അത് പ്രാദേശികമായ ഭാഷാതാളത്തിന്റെയും വാഗര്‍ത്ഥങ്ങളുടെയും വ്യത്യാസത്തിനനുസരിച്ചുള്ള കാഴ്ചപ്പാടുകള്‍ മാത്രമായി കണ്ടാല്‍ മതിയെന്നാണ് ഈയുള്ളവനു തോന്നുന്നത്. കൂടുതല്‍ വ്യാപകമായി ഉപയോഗിക്കാത്തത് കൊണ്ട് കണ്ണൂര്‍ ഭാഷയും കാസര്‍ഗോഡ് ഭാഷയും ഇങ്ങനെ ഹാസദ്യോതകമായി ഉപയോഗിക്കുന്നില്ല എന്നേയുള്ളൂ.

ജഗതിയുടെ മാട്ടുപ്പെട്ടിമച്ചാന്‍ കഥാപാത്രം മുഴുനീള തിരുവന്തോരം ‘കളിയാക്കല്‍’ സ്ലാംഗിലായിരുന്നിട്ടും അത് ഏറ്റവുമധികം കളക്റ്റ് ചെയ്തത് തിരുവനന്തപുരത്തു തന്നെയായിരുന്നു. രാജമാണിക്യവും അങ്ങനെതന്നെ. അതായത് ഇതൊരു ‘കളിയാക്കല്‍’ ആയി തിരുവനന്തപുരം കാര്‍ തന്നെ അതിനെ കാണുന്നില്ല എന്നല്ലേ അര്‍ത്ഥം ?

absolute_void(); said...

കൂട്ടക്ഷരങ്ങളുടെ വികാരത്തോടു് ബഹുമാനം തോന്നുന്നു. എന്നാല്‍ കോട്ടയത്തു നിന്നു് തിരുവനന്തപുരത്തു് വന്നു് എട്ടുവര്‍ഷം താമസിച്ചവനെന്ന നിലയില്‍​ എനിക്കു് ചില അഭിപ്രായങ്ങളുണ്ടു്. എന്തെന്നാല്‍ തിരുവനന്തപുരം സ്ലാങ് വളരെ പരുഷമായി തോന്നിയിട്ടുണ്ടു്. നമ്മളെന്തെങ്കിലും ചോദിച്ചാലുള്ള പ്രതികരണം തല്ലപ്രന്‍ വരുന്നതുപോലെയാണു് അനുഭവപ്പെടുക. തന്നെയുമല്ല, ഓരോ ജാതിക്കാര്‍ക്കുമിടയില്‍ വെവ്വേറെ ഭാഷ നിലനില്‍ക്കുന്നതായി തോന്നിയിട്ടുണ്ടു്. അതു് തിരുവനന്തപുരത്തോളം മറ്റെവിടെയും പ്രകടമായി കാണില്ല. പ്രാദേശിക ഭാഷണങ്ങളെ വിലമതിക്കുന്ന ഒരാളാണു് ഞാന്‍. എന്നാല്‍ തിരുവനന്തപുരം ഭാഷണത്തിന്റെ ഈ സ്വഭാവം എന്നെ കുഴപ്പിച്ചിട്ടുണ്ടു്.

Unknown said...

ന്നാലും ഞങ്ങടെ വള്ളുവനാടന്‍ ഭാഷയോട് ഈ കടുംകൈ വേണ്ടീരുന്നില്ല്യ ട്ട്വോ. ഇത്രയ്ക്കൊക്കെ പ്രശ്നണ്ടാവുംന്ന് നിരീച്ചില്യാന്നും കൂട്ടിക്കോളൂ. പക്ഷെ ഒട്ടും വിഷമോല്ല്യാട്ടോ. :-)

wannabewodehouse said...

ഇന്നലെ കേട്ട ഒരു ഫലിതം:

അദ്ധ്യാപിക : ആധുനിക മലയാളത്തിന്റെ പിതാവ് ആര്‍?

കുട്ടി : അറിഞ്ഞുകൂട, ടീച്ചറേ. പക്ഷെ ആധുനിക മലയാളത്തിന്റെ മാതാവ് ആരാണെന്ന് പറയാം.

അദ്ധ്യാപിക : ആരാണത്?

കുട്ടി : രഞ്ജിനി ഹരിദാസ്!