തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററിലും,ശ്രീകുമാറിനോട്ചേര്‍ന്നുള്ള ശ്രീവിശാഖിലും സിനിമകള്‍കണ്ടുവളര്‍ന്ന ചങ്ങാതിമാരേ,എത്ര സുന്ദരമായിരുന്നു നമ്മുടെ ആ കൗമാരം!!എഴുപതുകളുടെ അവസാനത്തിലെ ആ കാലഘട്ടത്തിലേക്ക് ഒന്നു തിരിച്ചുപോയിനോക്കാം.. തലസ്ഥാനനഗരത്തിലെ പലകോളേജുകളില്‍നിന്ന്‌നമ്മള്‍ സ്ഥിരമായി,ശ്രീകുമാറിലും,ശ്രീവിശാഖിലുമെത്താറുണ്ടായിരുന്നു. ആര്‍ട്‌സ് കോളേജിലും യൂണിവേഴ്സിറ്റിക്കോളേജിലും പഠിച്ചിരുന്നവര്‍ക്ക് നടന്ന്‌വേണമെങ്കിലും സമയത്തിനുതന്നെ മാറ്റിനിക്കെത്താമായിരുന്നു. മാര്‍ ഇവാനിയോസില്‍ നിന്നും ഞങ്ങള്‍ക്ക് വളരെനേരത്തേചാടിയാലേമതിയാകൂ. പിന്നെ സിറ്റിബസിലോ,'റെഡ്'ബസിലോ ഓടിക്കയറണം. ഉച്ചയ്ക്ക് സിറ്റിബസുകളുടെ സര്‍വ്വീസ് കുറവായിരുന്നുവെന്നാണ് തോന്നുന്നത്.
എഴുപതുകളുടെ അവസാനവര്‍ഷങ്ങളില്‍ നല്ല ഇംഗ്ലീഷ് സിനിമകള്‍ ശ്രീകുമാറിലും,വിശാഖിലും വരുമായിരുന്നു.ഞങ്ങളുടെകൗമാരഭാവനകള്‍ക്ക്‌നിറം പകര്‍ന്ന്, സിനിമാസ്വാദനത്തിന്റെ ആദ്യപാഠങ്ങള്‍ തുറന്നുതന്ന ചിത്രങ്ങള്‍. പേള്‍ഹാര്‍ബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള Tora Tora Tora. മയക്കുമരുന്നുകള്ളക്കടത്തും, ആംസ്റ്റര്‍ഡാം ദൃശ്യങ്ങളുമുള്ള Puppet on a chain . രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ ആവേശകരമായ സിനിമാദ്ധ്യായമായ Force 10 from Navarone .ഈചിത്രത്തിന്റെമുന്‍ ഗാമിയായി അറുപതുകളില്‍ പുറത്തുവന്ന Guns of Navarone ഞാന്‍ കണ്ടിട്ടില്ല. അമ്പതുകളിലെ, അതിപ്രശസ്തമായ ബ്ലാക്ക് ആന്റ് വൈറ്റ് ക്ലാസിക്കായ Roman Holiday ഞാനാദ്യംകാണുന്നത് ഈകാലത്താണ്.Audrey Hepburn ല്‍ അനുരക്തനായിനടന്ന ദിവസങ്ങള്‍, ഇന്നും ഓര്‍മ്മയില്‍മധുരിക്കുന്നു.(കുലീനസൗന്ദര്യമായി, വിധുബാലയും, എന്റെ അനുരാഗസ്വപ്നങ്ങളില്‍ പൂത്തുലഞ്ഞ് നിന്നിരുന്നതോര്‍ക്കുമ്പോള്‍,എന്നോനഷ്ടമായ ആ പഴയ ഉള്‍ക്കുളിര് ഇന്നും അനുഭവിക്കാനാകും).
പഴയചിത്രങ്ങളായ ബെന്‍ഹര്‍, റ്റെന്‍ കമാന്റ്‌മെന്റ്‌സ് എന്നിവ ശ്രീകുമാറിലെ വലിയസ്ക്രീനില്‍ എത്രതവണ കണ്ടു!!!. പാപ്പിയോണ്‍ കണ്ട്, സ്റ്റീവ്‌മക്യൂനിന്റെ ആരാധകരായി ഞങ്ങള്‍. നൈറ്റ് ഓഫ് ദ് ജനറല്‍സ്, എന്നത്തേയും നല്ലചിത്രങ്ങളിലൊന്നാണ്. വാന്‌ഗോഗിന്റെ ആത്മഛായയുടെ മുന്നില്‍, സമനിലതെറ്റുന്ന വിഭ്രാന്തനായ ജര്‍മന്‍ ജനറല്‍ ഇന്നും വിഹ്വലമായൊരോര്‍മ്മയാണ്.
ചൂടുള്ളഭാഗങ്ങള്‍ വീണ്ടും വീണ്ടും വായിച്ച്, പേജ്‌നംബര്‍വരെ കാണാപ്പാഠമായ മരിയോപ്യൂസോയുടെ ഗോഡ്‌ഫാദര്‍ സിനിമയായിവന്നപ്പോള്‍, ആവേശത്തോടെകാണാന്‍പോയതും, ദൃശ്യങ്ങള്‍ക്ക് അക്ഷരങ്ങളുടെശക്തിയില്ല എന്നു തിരിച്ചറിഞ്ഞതും ഓര്‍ക്കുന്നു. കൂട്ടത്തില്‍, മര്‍ലന്‍ ബ്രാന്റോ എന്ന മഹാനടന്റെ ദൃശ്യസാന്നിദ്ധ്യത്തിനുമുന്നില്‍ പകച്ചുനിന്നതും. എക്സോര്‍സിസ്റ്റ്, ഒമ്ന്‍, റ്റവറിംഗ് ഇന്‍ഫെര്‍ണോ, പോസിഡോണ്‍ അഡ്വഞ്ചര്‍ എന്നീ സാധാരണചിത്രങ്ങള്‍.
ബഡ്‌സ്പെന്‍സറും, റ്റെറന്‍സ് ഹില്ലും ചേര്‍ന്നുള്ള, ചിരിയുടെമാലപ്പടക്കംകൊളുത്തിയചിത്രങ്ങള്‍ (കഷ്ടം! ഒന്നിന്റേയും പേരോര്‍മ്മയില്ല). പീറ്റര്‍സെല്ലേഴ്സ് എന്ന അതുല്യ നടന്റെ പിങ്ക് പാന്തര്‍ സീരിസിലുള്ള ചിരിച്ചിത്രങ്ങള്‍.... സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ, ക്ലോസ് എന്‍ കൗണ്ടേര്‍സ് ഒഫ് ദ് തേഡ് കൈന്റ്, നവീനമായൊരു ദൃശ്യവിസ്മയമായിരുന്നു. സിനിമകളെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിരുന്നതുകൊണ്ട്, ഫ്രാങ്ക്സ്വാ ത്രൂഫോ എന്ന ഉന്നതനായ സംവിധായകന്‍ അഭിനയിച്ച ചിത്രമെന്ന നിലയിലും, ക്ലോസ് എന്‍ കൗണ്ടേര്‍സ് ആകര്‍ഷിച്ചിരുന്നു. ഇങ്ങനെ എത്രയെത്ര ചിത്രങ്ങള്‍!!! ഇവിടെ ഓര്‍മ്മിച്ചെടുത്തവയൊന്നും, കാലക്രമമനുസരിച്ചല്ല.. പക്ഷേ, ഒരു കാലഘട്ടത്തിന്റെ സ്‌മൃതിബിംബങ്ങള്‍ എന്നനിലക്കാണ്.
ശ്രീകുമാറിലും,വിശാഖിലും സിനിമതുടങ്ങുന്നതിനുമുന്‍പുള്ള സ്ലൈഡ്ഷോയില്‍,വേലേന്തിയ മുരുകന്‍ ഓം എന്ന്‌തമിഴിലെഴുതിയ ബാക്ഗ്രൗണ്ടില്‍നില്‍ക്കുന്ന ചിത്രം തെളിഞ്ഞപ്പോള്‍. ക്ലാസ്‌കട്ടുചെയ്ത് സിനിമക്ക്‌കേറിയ ആധിയില്‍; "ഭഗവാനേ,വീട്ടിലറിയല്ലേ" എന്ന് ഉറക്കെപ്രാര്‍ത്ഥിച്ചത് ഇന്നും രസകരമായ ഓര്‍മ്മയാണ്.ഉച്ചഭക്ഷണംസിനിമയാക്കിമാറ്റിയ ത്യാഗത്തിന്റെ ദിനങ്ങള്‍. ഇന്റര്‍വെല്ലില്‍, ഒരുസിഗററ്റ് വാങ്ങി,നാലുപേര്‍പുകച്ച്, സിനിമതീരുമ്പോള്‍, ശാന്തമായ നഗരസായന്തനത്തിലേക്കിറങ്ങി, ആഹ്ലാദകരമായമറ്റൊരുദിവസത്തിന് യാത്രചൊല്ലിപ്പിരിഞ്ഞിരുന്ന സരളമാനസങ്ങള്‍.
പിന്നീടെപ്പൊഴോ, ഒരിക്കലും പിടികിട്ടിയിട്ടില്ലാത്ത വാണിജ്യയുക്തികാരണം നല്ല ഇംഗ്ലീഷ്‌ചിത്രങ്ങള്‍ വരാതായി. പകരം, കണ്ടാല്‍ ഓക്കാനംവരുന്ന, പതിനാറാംകിട 'സെക്സ്' ചിത്രങ്ങളുടെ വേലിയേറ്റമായി. അത്തരം ചിത്രങ്ങളില്‍ സ്പെഷ്‌ലൈസ് ചെയ്ത ഗുണ്ടാതിയേറ്ററുകള്‍ കാശുവാരി(?). റ്റി.വി യും, മറ്റും, ക്ലാസ്‌കട്ട്ചെയ്യാതെതന്നെ, വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പലതും കാണാനുള്ള അവസരമൊരുക്കി.(ചലച്ചിത്രോത്സവങ്ങള്‍ തിരുവനന്തപുരത്തിന്റെ അഭിമാനമായതിന്‌പ്രധാനകാരണം, നല്ലകുറേചിത്രങ്ങള്‍ ബുദ്ധിമുട്ടില്ലാതെകാണാനവസരം നല്‍കിയ ഈ തിയേറ്ററുകളാണെന്നാണ്, എന്റെ പേഴ്സണല്‍ ഹൈപ്പോത്തെസിസ്)എന്നാല്‍ ഈ റ്റി.വി, ഐ.റ്റി, തലമുറ, ഞങ്ങളന്നനുഭവിച്ചിരുന്ന ഹൃദയലാളിത്യവും, അതിരില്ലാത്ത ആഹ്ലാദവുമറിയുന്നുണ്ടോ? ഓരോകാലത്തും ഓരോ വഴികളെന്ന് മനസിലാക്കിക്കൊണ്ട്‌തന്നെയാണ് ഇങ്ങനെ സംശയിക്കുന്നത്.
ശ്രീകുമാറിലും, ശ്രീവിശാഖിലും സിനിമകണ്ട്‌വളര്‍ന്നവരും, മറ്റ്‌നഗരങ്ങളില്‍(എറണാകുളത്തിനാണ് സാദ്ധ്യത)ഇതേ അനുഭവങ്ങളിലൂടെകടന്നുപോന്നവരുമായ സമാനമനസ്കര്‍ക്ക്‌വേണ്ടിയാണീ ഓര്‍മ്മക്കുറിപ്പ്.
Thursday, March 06, 2008
Subscribe to:
Post Comments (Atom)
2 comments:
അശോക്,
വിസ് മൃ^തിയലാണ്ട പഴയ ഒരു കാലത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി പറയട്ടെ.. തിരുവനന്തപുരത്ത് ജീവിച്ച തദ്ദേശവാസികള്‍ക്കും ഇവിടെ വന്നു താമസിക്കുന്നവര്‍ക്കും ഒരുപോലെ തന്നെ നല്ല നല്ല സിനിമാ അനുഭവങ്ങള്‍ നല്‍കിയ തിയേറ്ററുകളാണ് ശ്രീകുമാറും,അതിനോട് ചേര്‍ന്ന ശ്രീവിശാഖും.. എത്രയെത്ര ക്ലാസിക് സിനിമകള്‍ സ്ക്രീന്‍ ചെയ്തിരിക്കുന്നു പോയകാലത്ത്..
നല്ലപോസ്റ്റ്
chila sangathikal, anubahavicharinjale, athinte azaham manasilaku. Ithonnum ippozhathe Bill Gates Pillerodu parnjal parihasathinu pathramavunathu nammalavum. Annubhavichillankil nashta botham undavathillalo!!!Nattutchavailathu,concession ticket 'l fraud kanichu aditcchu mattia randu rupayum kondu sreekumar lum/sreevisakilum/ thalli kerri interval nu 10 ps uda capstano adhava gold flake valicchirunna pol kittiirunna maana sugam ippozathe "Blue Label" adichalum Kittulla.
Pinne enthu kondu nall padangal thiruvananthapurathu varunnilla. Janangal mari- sex um thudayum mattum mathi ee internet ugathilum. "A kind of starvation amongst harvest"
Anil
Post a Comment